തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവന പദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി വികസന മന്ത്രി എ. കെ. ബാലനാണ് അറിയിച്ചത്.
മുന്‍ ഭവന പദ്ധതികളില്‍ മുഴുവന്‍ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്. എന്നാല്‍, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകള്‍ ഉണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കെണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. 10,000 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കുന്നതിന് റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ 1.50 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാല്‍ വാസയോഗ്യമാക്കാവുന്ന വീടുകള്‍ക്കാണ് മുന്‍ഗണന. 135 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
Discussion about this post