തൃശ്ശൂര്‍: ലൈഫ് മിഷന് വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എയും യുഡിഎഫും. ജനരോഷം വഴിതിരിച്ചുവിടാന്‍ ചില മാധ്യമങ്ങളെക്കൂട്ടി പുകമറ സൃഷ്ടിച്ച് രക്ഷപെടാനാണ് വടക്കാഞ്ചേരി എംഎല്‍എ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഫ്ളാറ്റ് പദ്ധതി തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താവായ നീതു ജോണ്സണ് എന്ന വിദ്യാര്‍ഥിനിയുടെ പേരില്‍ കത്ത് പ്രചരിക്കുന്നുവെന്നും, എന്നാല്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പെണ്‍കുട്ടി ഇല്ലെന്ന് കണ്ടെത്തിയെന്നുമാണ് അനില്‍ അക്കരയുടെയും യുഡിഎഫ് സൈബര്‍ സംഘത്തിന്റെയും പ്രചരണം. താന്‍ മൂലം ഫ്ളാറ്റ് നിര്‍മാണം തടസപ്പെട്ടത്തില്‍ ആര്‍ക്കും പരാതിയില്ലെന്നാണ് മാധ്യമ സഹായത്തോടെ അനില്‍ അക്കര പറഞ്ഞുവെക്കുന്നത്.
എന്നാല്‍ ഏതെങ്കിലും മാധ്യമങ്ങളില്‍ വരുന്നതിന് മുന്‍പേ തന്നെ ‘നീതു ജോണ്സണ്’ന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന കത്ത് അനില്‍ അക്കര തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലിട്ടിരുന്നു. കഴിഞ്ഞ ആഗസ്ത് 23നാണ് അനില്‍ അക്കര ഈ കത്ത് പോസ്റ്റ് ചെയ്തത്
ഇതോടെയാണ് ഇപ്പോള്‍ പൊടുന്നനെ കത്തുമായി ഇറങ്ങുന്നതില്‍ സംശയമുന്നയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരിക്കുന്നത്. നീതുവിന്റെ കത്തിന്റെ സൃഷ്ടാവ് അനില്‍ അക്കര തന്നെയാണോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നു
‘നീതു’ എന്ന അദൃശ്യ വ്യക്തിയെ പിന്‍പറ്റി ന്യായീകരണം കണ്ടെത്തുന്ന അനില്‍ അക്കരയോ യുഡിഎഫോ തങ്ങളുടെ ജീവിത സ്വപ്നം മുടക്കരുതെന്ന് അപേക്ഷിച്ച് നിരവധി കുടുംബങ്ങള്‍ നേരത്തേ തന്നെ രംഗത്തെത്തിയത് കണ്ടില്ലെന്ന് നടിക്കുന്നതും സംശയമുളവാക്കുന്നു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് സിപിഐ എമ്മുമാര്‍ വീട് ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ നേതാവിന്റെ മകന് തന്നെയാണ് വീട് ആക്രമിച്ചതെന്നും സിപിഐ എമ്മുകാരെ കുടുക്കാന്‍ ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ സമരങ്ങളില്‍ പൊലീസ് അക്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ചുവന്ന മഷിക്കുപ്പി ഉപയോഗിച്ചതും വിവാദമായിരുന്നു. ഇത്തരത്തിലുള്ള ‘അടവ്’ തന്നെയാണോ ഇപ്പോള്‍ അനില്‍ അക്കര പയറ്റുന്നതെന്നാണ് ഉയരുന്ന ചോദ്യം.
Discussion about this post