കൊച്ചി: കൊവിഡ് കാലത്ത് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങി ദുരിതത്തിലായ തൃശ്ശൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രസാദിന് രക്ഷകനായി നടൻ മമ്മൂട്ടി. താരത്തിന്റെ ഇടപെടലിൽ പ്രസാദിന്റെ ഹൃദയ സംബന്ധമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ കഴിഞ്ഞ ആറുമാസത്തിലേറെയായി പ്രസാദ് ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിലായിരുന്നു. തൃശ്ശൂർ നഗരത്തിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചുവെങ്കിലും ചികിത്സാ ചെലവിനായി ഭീമമായ തുക ആവശ്യം വരുമെന്നതിനാൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാതെ വന്നു.
ഈ സാഹചര്യത്തിലാണ് പ്രസാദിന്റെ ബുദ്ധിമുട്ടറിഞ്ഞ ചിലർ മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുകയും ഫാൻസ് പ്രവർത്തകർ വഴി അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തത്. രോഗത്തിന്റെ ഗൗരവം മനസിലാക്കിയതിനെ തുടർന്ന് മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ‘ഹാർട്ട് റ്റു ഹാർട്ട്’ പദ്ധതിയിൽ പ്രസാദിനെ ഉൾപ്പെടുത്തുകയും ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.
മമ്മൂട്ടിയെ ഇതുവരെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രസാദ് മമ്മൂട്ടിക്ക് ഈ സന്ദേശം കൈമാറണം എന്ന അഭ്യർത്ഥനയോടെ പുറത്തു വിട്ട വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പ്രസാദിന്റെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹം പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്ന് മാത്രമാണ്.
Discussion about this post