ചെങ്ങന്നൂർ: എംസി റോഡിലുള്ള വിഗ്രഹനിർമ്മാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തൽ. രണ്ട് കോടി മൂല്യമുണ്ടെന്ന് നിർമ്മാതാക്കൾ കാണാതായ വിഗ്രഹം സ്ഥാപനത്തിന് സമീപത്തെ തോട്ടിൽനിന്ന് കണ്ടെത്തി. സ്ഥാപനത്തിൽ ആക്രമണം നടത്തിയ മുൻജീവനക്കാരനെ കവർച്ചാക്കേസിൽ കുടുക്കാൻ വേണ്ടിയാണ് ഉടമകൾ വിഗ്രഹം കവർന്നതായ വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ് പറഞ്ഞു.
കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിൽ ഒരു സംഘം ആക്രമണം നടത്തി രണ്ട് കോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം കവർന്നു എന്നായിരുന്നു കഴിഞ്ഞാഴ്ച ഉടമകൾ പരാതിപ്പെട്ടത്. ലണ്ടനിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലേക്കായി നിർമിച്ച വിഗ്രഹമാണ് കവർന്നതെന്നും സംഭവത്തിന് പിന്നിൽ മുൻ ജീവനക്കാരനായ സോണിയാണെന്നും ഉടമകളായ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും ആരോപിച്ചിരുന്നു.
എന്നാൽ ആക്രമണം നടന്നതായി പറയുന്ന വിഗ്രഹ നിർമ്മാണശാലയിലെത്തിയ പോലീസിന് വിഗ്രഹം മോഷണം പോയെന്ന വാദത്തിൽ തുടക്കം മുതലെ സംശയമുണ്ടായിരുന്നു. രണ്ടുകോടി രൂപയുടെ സ്വർണ്ണത്തിൽ നിർമ്മിച്ച വിഗ്രഹം അക്രമിസംഘം കവർന്നതായി ഉടമകൾ ഉറപ്പിച്ച് പറഞ്ഞതോടെ ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തിയിരുന്നു. പോലീസ് നായയെയും സംഭവസ്ഥലത്ത് എത്തിച്ചു. ഇതിനിടെ എന്നാൽ പിന്നീട് പോലീസ് ഉടമകളെ വിശദമായി ചോദ്യംചെയ്തതോടെയാണ് വ്യാജ പരാതിയുടെ ചുരുളഴിഞ്ഞത്.
തങ്ങളെ ആക്രമിച്ച സോണിയെ കവർച്ചാക്കേസിൽ കുടുക്കാൻ ലക്ഷ്യമിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉടമകൾ മൊഴി നൽകി. ഇവരുടെ മൊഴിയനുസരിച്ച് സമീപത്ത് തെരച്ചിൽ നടത്തിയ പോലീസ് സംഘം തോട്ടിൽനിന്ന് വിഗ്രഹം കണ്ടെടുക്കുകയായിരുന്നു. വിഗ്രഹത്തിന് രണ്ട് കോടി രൂപയുടെ മൂല്യമുണ്ടെന്ന വാദവും കള്ളമാണെന്ന് പോലീസ് പറഞ്ഞു. വെറും 14 ഗ്രാം സ്വർണം മാത്രമാണ് വിഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
Discussion about this post