കലാഭവൻ സോബിയുടെ രണ്ടാം നുണ പരിശോധനയും പൂർത്തിയായി; സംശയിക്കുന്നവരുടെ പേര് പറഞ്ഞെന്ന് സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കലാഭവൻ സോബിയെ സിബിഐ വീണ്ടു നുണ പരിശോധനയ്ക്ക് വിധേയനാക്കി. കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന നടത്തിയത്. ചെന്നൈയിലെയും ഡൽഹിയിലെയും ഫോറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതർ ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നും സോബി സിബിഐയോട് പറഞ്ഞിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വീണ്ടും നുണ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുനേയും സുഹൃത്തും മുൻ മാനേജരുമായിരുന്ന വിഷ്ണു സോമസുന്ദരം എന്നിവർക്കും സിബിഐ നുണ പരിശോധന നടത്തിയിരുന്നു. അപകടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പറഞ്ഞതായി സോബി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം. അടുത്തയാഴ്ച്ച സിബിഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്ന് സോബി അറിയിച്ചു.

Exit mobile version