തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ നിലയിലേക്കെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ അറിയിച്ചിരിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. അതേസമയം സമ്പൂർണ ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന നിർദേശവും സർക്കാരിന് മുന്നിലുണ്ട്.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവിൽ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നും നിർദേശം ഉയർന്നിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ എൽഡിഎഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്ന് വിജയരാഘവൻ വ്യക്തമാക്കി.
Discussion about this post