ക്യാമറയ്ക്ക് മുകളില്‍ കയറിയിരുന്നുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷാലു പേയാടിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കമന്റുകളിലും മറ്റ് പോസ്റ്റുകളിലും ഫോട്ടോഗ്രഫി പ്രേമികളുടെ ഗ്രൂപ്പുകളിലും പ്രതിഷേധവും ഉയര്‍ന്നു.
ഷാലുവിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് മോശം കമന്റുകള്‍ ചെയ്തത്. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാലു. കേരളത്തിലെ ക്യാമറമാന്മാരെല്ലാം മണ്ടന്മാരാണല്ലോ എന്നോര്‍ത്തിട്ട് തനിക്ക് ചിരി വരുന്നുണ്ടെന്നായിരുന്നു കമന്റിലെ പൊങ്കാലകളോട് ഷാലുവിന്റെ പ്രതികരണം.
ഒരു പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഷാലു ഇക്കാര്യം പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം ക്യാമറ എന്നത് വെറുമൊരു ടൂള്‍ മാത്രമാണെന്നും അല്ലാതെ ദൈവമായിട്ടൊന്നും അതിനെ കാണാന്‍ കഴിയില്ലെന്നും ഷാലു വ്യക്തമാക്കി.
‘ചിലര്‍ പറയുന്നുണ്ട് സ്വന്തം മക്കളെപ്പോലെ കാണണമെന്ന്. ക്യാമറ വെറും മനുഷ്യനിര്‍മ്മിതമായ സാധനമാണ് അതിനെ മക്കളായിട്ട് കാണണം എന്നൊക്കെ പറഞ്ഞാല്‍ ചിരി വരില്ലേ. പൂജിക്കാനും താല്‍പര്യമില്ല. ഒരു കളിപ്പാട്ടം പോലെയാണ് ഞാന്‍ ക്യാമറയെ കാണുന്നത്.” എന്ന് ഷാലു ഓണ്‍ലൈന്‍ മാധ്യമത്തോടായി പറഞ്ഞു.
‘നമ്മുടെ കഴിവും ക്രിയേറ്റിവിറ്റിയും മനസിലുളള ഫ്രെയിമുകളുമാണ് എനിക്ക് വലുത്. വന്ന കമന്റുകളില്‍ ഭൂരിഭാഗവും ക്യാമറ ദൈവത്തെ പോലെ കാണണം എന്ന് പറയുന്നവരാണ്. കാസര്‍കോട്, വയനാട്, പാലക്കാട് അങ്ങനെ പല ഇടങ്ങളില്‍ നിന്ന് ഫോണ്‍ വിളിച്ച് ചീത്ത പറയുന്നവരുണ്ട്. ഫോട്ടോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്റെ ക്യാമറ, എന്റെ ഫേസ്ബുക്ക് അക്കൗണ്ട്, എന്റെ ഫോട്ടോ അത് ഞാന്‍ ഡിലീറ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല’. ഷാലു കൂട്ടിച്ചേര്‍ത്തു.
സൈക്കിളിന്റെ വീലിലും കമ്പികളിലും പൈപുകളിലുമൊക്കെ ഞാന്‍ കാമറ തൂക്കി ഇടാറുണ്ട്. ഈ പറയുന്ന ആളുകള്‍ക്കൊന്നും അത് ചിന്തിക്കാന്‍ പോലും പറ്റില്ല. കാരണം ദൈവത്തോട് അങ്ങനൊന്നും ചെയ്യാന്‍ പാടില്ലല്ലോ. ഇനി ഇവര്‍ ക്യാമറ പ്രതിഷ്ഠയാക്കി അമ്പലം പണിയുമോ എന്നാണ് എന്റെ പേടിയെന്നുമാണ് ഷാലു പേയാടിന്റെ പ്രതികരണം.
മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ഷാലു പേയാട്. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ ‘ഹംഗാമ 2’ ആണ് ഇപ്പോള്‍ ഷാലു ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഷാലുവിന്റെ പ്രതികരണവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Discussion about this post