തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചുപറയുമ്പോഴും പലരും ഇത് ഒരു ചെവിയില്‍ കൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ പുറത്തുവിടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്കു പിഴത്തുക വര്‍ധിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പിഴത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് സൂചന. സാമൂഹ്യ അകലം പാലിക്കാതെ കടകളില്‍ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കടയുടെ വിസ്തീര്‍ണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കൂടുതെ പേര് കടയിലെത്തിയാല്‍ നിശ്ചിത ആളുകളെ അകത്ത് പ്രവേശിപ്പിക്കണം. മറ്റുള്ളവര്‍ ക്യൂ നില്‍ക്കണം. ഇതിനായി സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
കല്യാണ ചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങുകളില്‍ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാവും. നിലവില്‍ ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയര്‍മാരുമാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നത്.
പലര്‍ക്കും ഇത് ക്ഷീണവും രോഗവും ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് മേഖലകളില്‍ കോവിഡ് നിയന്ത്രണ ചുമതലകള്‍ വഹിച്ച് ഇവര്‍ പ്രവര്‍ത്തിക്കും.
ഇതിനായി പ്രത്യേക അധികാരവും താത്ക്കാലികമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3347 പേര്‍ക്ക് രോഗമുക്തി. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകള്‍. 67 പേര് ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ 57,879 പേര് ചികിത്സയില്‍. 36,027 സാംപിള്‍ പരിശോധിച്ചു.
Discussion about this post