കണ്ണൂര്‍: സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടനദിനത്തില്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഗോ എയര്‍. കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനുതന്നെ സര്‍വീസുകള്‍ തുടങ്ങുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂര്‍. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചശേഷം രാജ്യാന്തര സര്‍വീസുകളും തുടങ്ങാനും ഗോ എയറിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്. 2330 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് 3050 മീറ്ററാണ് നീളം.
Discussion about this post