തിരുവനന്തപുരം: അശ്ലീല വിഡിയോയിലൂടെ സ്ത്രീസമൂഹത്തെയാകെ അപമാനിച്ച സംഭവത്തില്‍ വിജയ് പി.നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ യൂടൂബിലൂടെ പ്രസിദ്ധീകരിച്ചതിന് വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (അ) വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതാണ് വകുപ്പ്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി പോലീസ് മുന്നോട്ട് പോയത്. വിജയ്യുടെ ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.
കേസിന് കാരണമായ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പോലീസിന് നല്‍കിയത്. ആദ്യം നിസാരവകുപ്പ് ചുമത്തിയ പോലീസ്, വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേസ് പരിഷ്കരിക്കുന്നത്. ജാമ്യമില്ല വകുപ്പ് ചുമത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ വിജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തിയെങ്കിലും അയാള്‍ അവിടെയുണ്ടായിരുന്നില്ല.
വിജയ് നായരുടെ ക്ളിനിക്കല്‍ സൈക്കോളജിയില്‍ ഉള്ള ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇങ്ങിനെ ഒരു യൂണിവേഴ്സിറ്റിയില്ലെന്നും പണം കൊടുത്ത് ഡോക്ടറേറ്റ് വാങ്ങിയതാവാമെന്നുമാണ് ആക്ഷേപം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നല്കിയ തെളിവുകള്‍ തമ്പാനൂര്‍ പോലീസ് പരിശോധിച്ചു തുടങ്ങി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. എന്നാല്‍ ദുര്‍ബലവകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തത്.
Discussion about this post