തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താന്‍ തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക. തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി. ദേവസ്വം പ്രസിഡന്റ് എന്‍ വാസുവാണ് ഇക്കാര്യം അറിയിച്ചത്.
ദര്‍ശന സമയത്ത് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എന്‍ വാസു പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും ദേവസ്വം പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.
കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പിച്ച ശേഷം മാത്രം തീര്‍ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കും. നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. അന്നദാനം പരിമിതമായ രീതിയില്‍ ഉണ്ടാകും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. പമ്പ നിലയ്ക്കല്‍ റോഡ് പണി തുലാമാസം ഒന്നിന് മുന്‍പ് നന്നാക്കും. ഈ വര്‍ഷം കടകളിലേക്കുള്ള ലേലം ഇതുവരെ ആയിട്ടില്ലെന്നും. കച്ചവടക്കാര്‍ വിമുഖത കാണിക്കുന്നുവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മൂലം കഴിഞ്ഞ ഏഴുമാസമായി ശബരിമല ദര്‍ശനം അനുവദിച്ചിരുന്നില്ല. ശബരിമലയില്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഇന്ന് അവലോകനയോഗം വിളിച്ചത്. വളരെ കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും ദര്‍ശനം അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഈ യോഗത്തില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ കൊവിഡ് രൂക്ഷമായതിനാല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ അനുകൂല സാഹചര്യമല്ലെന്നായിരുന്നു ആരോഗ്യമന്ത്രി നിലപാട് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post