കോഴിക്കോട്: കൊവിഡ് വ്യാപനം തലയ്ക്ക് മീതെ നില്ക്കുന്ന വേളയില്‍ വ്യാപാര വ്യവസായ രംഗത്ത് വന്‍ തിരിച്ചടികളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനൊരുങ്ങുകയാണ് കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ്. കച്ചവടം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മിഠായിത്തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഓണ്‍ലൈനായി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തിക്കും. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് ഓണ്‍ലൈന്‍ കച്ചവടം നടത്തുന്നത്. ഫിക്സോ എന്ന ഇ കൊമേഴ്സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരണം ചെയ്തിരിക്കുന്നത്. നഗരപരിധിയില്‍ ഉള്ള ആളുകളാണെങ്കില്‍ രണ്ട് മണിക്കൂറിനകം ഓര്‍ഡര്‍ ചെയ്തവ എത്തിച്ചു നല്‍കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
എല്ലാത്തിനും പുറമെ, കടകളിലേതിനു സമാനമായി വിലപേശി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഉണ്ടാവും. ഒക്ടോബര്‍ പതിനഞ്ചിനുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാണ് വ്യാപാരികള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഞായറാഴ്ച സ്ഥിരീകരിച്ച 7445 കൊവിഡ് കേസുകളില്‍ 956 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണ്. ഈ സാഹചര്യം കണ്ടാണ് വ്യാപാരം ഓണ്‍ലൈനിലേയ്ക്ക് മാറ്റുന്നത്.
Discussion about this post