അഞ്ചൽ: കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി പ്രകൃതി രമണീയത വീക്ഷിക്കാൻ എത്തിയവരെ കൂട്ടത്തോടെ പൊക്കി പിഴയിട്ട് പോലീസ്. ചേറ്റുകുഴി പിനാക്കിൾ വ്യൂപോയിന്റിൽ കാഴ്ചകാണാൻ കൂട്ടം കൂടി നിന്ന ആയിരത്തോളം പേർക്കാണ് പോലീസിന്റെ വക എട്ടിന്റെ പണി കിട്ടിയത്.
കാറ്റും മഞ്ഞും ഹരിതാഭയും കാണാനെത്തിയവർ കാറ്റൂരി പോയ നിലയിലാണ് വയറ് നിറച്ച് പിഴയും വാങ്ങി മടങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതവും വ്യക്തികൾക്കു 200 വീതവുമാണ് പിഴ അടയ്‌ക്കേണ്ടിവന്നത്. ഞായറാഴ്ച രാവിലെ ആയിരത്തോളം ആളുകളാണ് അര കിലോമീറ്റർ സ്ഥലത്ത് ഇടുങ്ങിയ റോഡിൽ കൂട്ടം ചേർന്നത്.
പ്രദേശത്തെ ഉയരമേറിയ സ്ഥലത്തെ റബർ തോട്ടത്തിൽ നിന്നാൽ കാണുന്ന വിദൂര ദൃശ്യങ്ങളും മഞ്ഞു വീഴ്ചയുമാണ് യാത്രികരെ ഇങ്ങോട്ട് ആകർഷിച്ചത്. ഒട്ടേറെ ആളുകൾ വാഹനങ്ങളിൽ എത്തിയ വിവരം അറിഞ്ഞു പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തിയതോടെ ചിലർ സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ അതിബുദ്ധി വിരുതന്മാർക്ക് തിരിച്ചടിയാവുകയായിരുന്നു. ഇരുവശത്തും പോലീസ് റോഡ് അടച്ചതിനാൽ ആർക്കും മുങ്ങാൻ സാധിച്ചില്ല. ഒരാളെ പോലും വിടാതെ എല്ലാവരിൽ നിന്നും പിഴയീടാക്കിയാണ് പോലീസ് സ്ഥലം വിട്ടത്.
ഫോട്ടോ: കടപ്പാട്