പത്തനാപുരം: സിവിൽ സർവീസിൽ ഉന്നതവിജയം നേടിയിട്ടും അതിന്റെയൊന്നും പൊങ്ങച്ചമോ ജാഡയോ ഇല്ലാതെ ഐഎഎസ് പദവിയിലേക്ക് എത്തുംവരെ തന്റെ ഡ്യൂട്ടി കൃത്യമായി നിർവ്വഹിച്ച് ഈ യുവാവിന്റെ മാതൃക. അണുനശീകരണി ബാഗും തോളിലേറ്റി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ആശിഷ് ദാസ് കർമ്മനിരതനായി ഏവർക്കും മാതൃകയായിരിക്കുകയാണ്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് നേടിയാണ് ആശിഷ് ഐഎഎസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും തന്റെ ഫയർമാൻ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചാണു അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.
ഫയർമാനായിരുന്ന ആശിഷ് ദാസ് ഇനി ഐഎഎസുകാരനായാണ് തിരിച്ചെത്തുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ ആശിഷ് ഉൾപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങൾ നടത്തിയത്. ഒക്ടോബർ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള യാത്രയയപ്പ്.
തന്റെ ഡ്യൂട്ടിക്കായി രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പിൽ 2 സഹപ്രവർത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിൽ ചിലർ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയം ഒട്ടും കൈവിടാതെയായിരുന്നു ആശിഷിന്റെ മറുപടി. സിവിൽ സർവീസിന്റെ ഭാഗമായിട്ടും ഫയർമാന്റെ ചുമതലകളിൽനിന്നു മാറിനിൽക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവർത്തകരും പറയുന്നു. ഒക്ടോബർ 9നാണു പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക.