മഞ്ചേരി: പൂർണ്ണഗർഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂർ. ഒടുവിൽ ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടകളായ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനിയായ ഇരുപതുകാരിയുടെ കുട്ടികളാണ് മരിച്ചത്. പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ നാലിനാണ് യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ ഒടുവിൽ യുവതിക്ക് ചികിത്സ ലഭ്യമാകുന്നത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇതിനിടെ ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് കൊവിഡ് ആന്റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആർ ഫലം തന്നെ വേണമെന്നും സ്വകാര്യആശുപത്രി നിർബന്ധം പിടിച്ചതാണ് എല്ലാ ദുരിതത്തിനും കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. പിസിആർ ടെസ്റ്റ് ലഭിക്കുമോയെന്് അന്വേഷിച്ച് ലാബുകളിലൂടെയും രോഗിയുമായി കുടുംബത്തിന് സഞ്ചരിക്കേണ്ടി വന്നു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതി നേരത്തേ കൊവിഡ് പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 15ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി. നിശ്ചിത ദിവസം ക്വാറന്റൈനും പൂർത്തിയായി. പ്രസവവേദനയെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് മാത്രമാണ് ചികിത്സയുള്ളതെന്നും യുവതി കൊവിഡ് നെഗറ്റീവ് ആയതിനാൽ ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടെന്നുമാണ് അധികൃതർ അറിയിച്ചതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.
ഒൻപതരയോടെ ഡിസ്ചാർജ് ചെയ്‌തെങ്കിലും റഫർ ചെയ്ത രേഖ ലഭിച്ചപ്പോഴേക്കും 11.30 ആയി. കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫർ ചെയ്തത്. അവിടെ എത്തിയപ്പോൾ ഒപി സമയം കഴിഞ്ഞിരുന്നു. ഗൈനക് ഡോക്ടർ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ഗൈനക് വിഭാഗം ഡോക്ടർ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകാൻ പറ്റുമോ എന്നും ചോദിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറഞ്ഞു. പാതിവഴി എത്തിയപ്പോൾ തിരിച്ചുവിളിച്ച് കൊവിഡ് പിസിആർ ഫലം വേണമെന്നും ആന്റിജൻ ടെസ്റ്റ് ഫലം പോരെന്നും ഇവർ നിർബന്ധം പിടിക്കുകയായിരുന്നു.
തുടർന്ന് പിസിആർ ടെസ്റ്റിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിലെത്തി. ഫലം ലഭിക്കാൻ 24 മണിക്കൂർ വേണമെന്നാണ് അവർ പറഞ്ഞത്. പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് യുവതിയെ സ്‌കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. പിന്നാലെ കുട്ടികളെ നഷ്ടപ്പെടുകയായിരുന്നു.
Discussion about this post