കൊച്ചി: സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണയുമായി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായി ഹരീഷ് വാസുദേവന്‍. തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും. പാര്‍ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്പൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ് എന്നും ഐടി ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാര്‍ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂവെന്നും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍, ഒരുപാട് സ്ത്രീകള്‍ മടിക്കുന്ന കാര്യമാണ് നിങ്ങള്‍ ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post