തൃശ്ശൂര്‍:കഴിഞ്ഞ ദിവസം കേരളത്തില്‍ അരങ്ങേറിയ പ്രതിപക്ഷ സംഘടനകളുടെ സമരത്തില്‍ പരോക്ഷമായി രക്തസാക്ഷിയായി അറുപത്തി ഒന്‍പതുകാരന്‍ വാറുണ്ണി. സമരത്തില്‍ സജീവമായി പങ്കെടുത്ത തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിയായ ഷിജു തേറാട്ടിലിന്റെ പിതാവ് വാറുണ്ണിയാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചത്. വാറുണ്ണിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് സമരത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന മകനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്.
ഷിജുവിന്റെ അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കൊവിഡിന്റെ സമ്പര്‍ക്കം കൂടി വരുന്ന സാഹചര്യങ്ങള്‍ വിസ്മരിച്ചും കൊവിഡ് വ്യാപനത്തിനെതിരെയുള്ള ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളുടെയും മുന്നറിയിപ്പുകളെയും ജാഗ്രതാ നിര്‍ദേശങ്ങളെയും പുല്ലു വില കല്‍പ്പിച്ച് കൊണ്ട്
വലിയ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമരങ്ങള്‍ അരങ്ങേറിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരിപ്പൂര്‍ണ്ണമായും കാറ്റില്‍പറത്തുന്ന കാഴ്ചയാണ് സമരങ്ങളില്‍ കണ്ടത്.
നിലവില്‍ സമരത്തിലിറങ്ങിയ നൂറോളം പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ്
റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സമൂഹത്തിലുള്ള മറ്റുള്ളവരെയും പ്രായമായ മാതാപിതാക്കളെയും ഓര്‍ക്കാതെ ആത്മത്യപരമായ നീക്കം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തകരും മനഃപൂര്‍വ്വം തന്നെ ക്ഷണിച്ചു വരുത്തുകയാണ് ഈ ദുരന്തങ്ങള്‍ എന്ന് അടിവരയിടുന്നതാണ് തൃശ്ശൂരിലെ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പിതാവ് മരണത്തിനു കീഴടങ്ങേണ്ടി വന്ന ഈ അവസ്ഥ.
സമരത്തില്‍ പങ്കെടുത്ത് വന്നതിനു പിന്നാലെയാണ് ഷിജുവിനു ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. സ്ഥലം മാറി താമസിച്ച് ആദ്യം മൂടിവെയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും രൂക്ഷമായതോടെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പേരും വിവരങ്ങളും മറച്ചു വെച്ച് കോവിഡ് പരിശോധിച്ച കെ എസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഷിജുവിനൊപ്പം സമരത്തിനിറങ്ങിയ കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡിനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആല്‍ജോ ചാണ്ടിക്കും കൊവിഡ് പോസിറ്റീവ് ആയെന്നാണ് റിപ്പോര്‍ട്ട്. ഓണത്തിന്റെ തിരക്കും ആള്‍ക്കൂട്ട സമരവും കഴിഞ്ഞതോടെ കേരളം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.