തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതും ടോം വടക്കന് കേന്ദ്രസ്ഥാനം നൽകിയതും വിവാദമാകുന്നതിനിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എപി അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം നൽകിയത് ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് ആരോപണങ്ങൾ മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാർട്ടിയിലേക്ക് ആകർഷിക്കുന്നവരാണ് ബിജെപി. ദേശീയ ഭാരവാഹികളുടെ പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കുമ്മനം രാജശേഖരൻ അവഗണിക്കപ്പെട്ടെന്ന വാദങ്ങളോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. ഓരോ ആളുകൾക്കും എന്തുചുമതല നൽകണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങൾ പറയുന്നവരെ പാർട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കുമ്മനം രാജശേഖരൻ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ്. ഗവർണർ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളാണ് അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാർട്ടി പോസ്റ്റിന്റെ പേരിൽ മാധ്യമങ്ങൾ അപമാനിക്കുന്നത് ശരിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ശോഭ സുരേന്ദ്രനെ പരിഗണിക്കാത്തതിനെ കുറിച്ച് കെ സുരേന്ദരൻ മൗനം പാലിച്ചു. സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നേരത്തെ ശോഭയെ ദേശീയ വനിതാ കമ്മീഷനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ലൈഫ് മിഷൻ പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ, സ്വപ്നയും ശിവശങ്കരനും മുഖ്യമന്ത്രിയും വിദേശ യാത്ര നടത്തിയതിന് ശേഷം, പ്രളയത്തിന് ശേഷം കേരളത്തിലേക്ക് ധാരാളം പണം വന്നിട്ടുണ്ടെന്നും ആരോപിച്ചു. എൻഐഎ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പല കേസുകളുമായും ബന്ധമുളള കേസാണ് ലൈഫ് മിഷൻ തട്ടിപ്പ്. എഫ്സിആർഎ ചട്ടം ലംഘിച്ചത് ലൈഫ് മിഷനിൽ മാത്രമല്ലെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും പണം വന്നിട്ടുണ്ടെന്നും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി വന്ന പണം ഏത് അക്കൗണ്ടിലേക്കാണോ പോയത് ആ അക്കൗണ്ടിലേക്ക് വേറെയും പണം വന്നിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post