തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും വേഗത്തിലുള്ള ഇടപെടൽ സോഷ്യൽ മീഡിയയുടെയും ജനങ്ങളുടെയും കയ്യടി നേടുകയാണ്. കോൺഗ്രസ്സ്കാരനായ മുന്‍മന്ത്രി പികെ വേലായുധന്റെ വിധവയ്ക്ക് തല ചായ്ക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലെന്നറിഞ്ഞ മന്ത്രി എകെ ബാലൻറെ കൃത്യതയാർന്ന ഇടപെടലാണ് മന്ത്രിയുടെ വിധവ ഗിരിജക്ക് ഫ്ളാറ്റ് കൊടുക്കാനുള്ള തീരുമാനം എടുക്കാൻ കാരണം എന്ന് കോർപ്പറേഷൻ മേയർ പറഞ്ഞു. മന്ത്രിയുടെ വിധവയ്ക്ക് ഫ്ലാറ്റ് നൽകാൻ കഴിഞ്ഞതിൽ മന്ത്രി എ കെ ബാലനും തന്റെ ചാരിതാർഥ്യവും സന്തോഷവും ഫേസ്ബുക്കിലൂടെ പങ്കു വെച്ചു.
ഫേസ്ബുക്ക് കുറിപ്പിന് കമന്റുകളായും ഷെയർ ചെയ്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ മന്ത്രിയുടെ സന്തോഷത്തിലും ഇടപെടലിലും പങ്കു ചേർന്നു .നിരവധി പേരാണ് നന്മ നിറഞ്ഞ ,സ്നേഹം നിറഞ്ഞ ,കക്ഷി രാഷ്ട്രീയത്തിനതീതമായ മന്ത്രിയുടെയും കോർപ്പറേഷന്റെയും ഈ ഇടപെടലിനെ പ്രകീർത്തിച്ചു രംഗത്ത് വന്നത്. മന്ത്രി എകെ ബാലന്റെ ഇടപെടലിനെ തുടര്‍ന്നാണ് മുന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പികെ വേലായുധന്റെ ഭാര്യ ഗിരിജയ്ക്ക് ഫ്ളാറ്റ് അനുവദിച്ചത്.
മേയര്‍ കെ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് ഗിരിജയ്ക്ക് ഫ്ളാറ്റ് നല്കാന് തീരുമാനം ആയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ വേലായുധന് മന്ത്രിയായ എകെ ബാലനെ സമീപിച്ചിരുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തും ഇതേ ആവശ്യവുമായി എത്തിയ ഗിരിജയ്ക്ക് ഇതുവരെയും മറുപടിയോ സഹായങ്ങളോ ഒന്നും തന്നെ എത്തിയിരുന്നില്ല എന്നും പരാതിയുണ്ട് .പലവട്ടം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഉണ്ടാകാതിരുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്.അപേക്ഷ ലഭിച്ചപ്പോൾ തന്നെ കോര്പ്പറേഷന് ഇത് സംബന്ധിച്ച നിർദേശം മന്ത്രി എകെ ബാലന്റെ നൽകുകയായിരുന്നു .മന്ത്രിയുടെ നിര്‍ദേശം ലഭിച്ച ഉടനെ തന്നെ ഫ്ളാറ്റ് നൽകാനുള്ള സമ്മതം തിരുവനന്തപുരം നഗരസഭയും
അറിയിക്കുകയായിരുന്നു.
സ്വന്തമായി വീടെന്ന വര്‍ഷങ്ങളായുള്ള സ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. അങ്ങനെയൊരു തീരുമാനം നഗരസഭയെടുത്തതില് വലിയ സന്തോഷം, മന്ത്രിയായിരുന്നപ്പോള്‍ തന്നെ വാടകയ്ക്കാണ് താമസിച്ച് വന്നിരുന്നത്. പല സ്ഥലങ്ങളായി വാടക വീടുകള്‍ മാറി മാറി താമസിച്ചു. അതിനൊരു അവസാനമുണ്ടാവുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഗിരിജ പ്രതികരിച്ചു.
നഗരസഭയുടെ കല്ലടി മുഖത്തെ ഭവന സമുച്ചയത്തില്‍ ഒഴിവുണ്ടായിരുന്ന ഒരു ഫ്ളാറ്റ് ഗിരിജാ വേലായുധന് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ് ഗിരിജ. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള 1982-1987 കാലത്തെ കോൺഗ്രസ്സ് മന്ത്രി സഭയില്‍ 1983 മുതല്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പികെ വേലായുധന്.
Discussion about this post