മുണ്ടക്കയം: വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും ജീവിതം സ്‌നേഹഭരിതമാണ്. മാതൃകാ ദമ്പതികളാണ് ഇരുവരും. എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. കൈയ്യില്‍ ഒരൊറ്റ വിവാഹഫോട്ടോ പോലുമില്ല.
ആ നല്ല ദിവസത്തിന്റെ ഒരു ഫോട്ടോയെങ്കിലും കൈയ്യിലുണ്ടായിരുന്നെങ്കിലെന്ന് ഇവര്‍ ആഗ്രഹിക്കാറുണ്ട്. വിവാഹങ്ങളുടെ സേവ് ദ് ഡേറ്റ് മുതല്‍ പ്രീഷൂട്ട്, ലവ് സീന്‍ ഷൂട്ട് തുടങ്ങി വധു വരന്മാരുടെ വിവിധ തരം ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പാറിപ്പറക്കുകയും മരത്തില്‍ തൂങ്ങുകയും ചെയ്യുന്ന കാലത്ത് ആരാണ് ഒരു വിവാഹ ഫോട്ടോ മോഹിക്കാത്തത്.
ഇരുവരുടെ ആ വിഷമം കണ്ടറിഞ്ഞ് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കൊച്ചുമകന്‍. ആത്രയ വെഡിങ് കമ്പനിയിലെ ഫൊട്ടോഗ്രഫറായ കൊച്ചുമകന്‍ ജിബിന്‍ ജോയി പകര്‍ത്തിയ ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു വിവാഹ ഫോട്ടോ വേണമെന്ന് മോഹിച്ച ഇരുവരും തങ്ങളുടെ ആഗ്രഹം ജിബിനോട് പറഞ്ഞു.
വല്യപ്പച്ചന്റെയും വല്യമ്മയുടെയും വിഷമം മാറ്റാന്‍ കൊച്ചുമകന്റെ ചിന്തയില്‍ ഒരു ഫ്‌ലാഷ് മിന്നിമാഞ്ഞു. പിന്നെയൊട്ടും വൈകിയില്ല, കുഞ്ഞൂട്ടി ചേട്ടനും ചിന്നമ്മയും വിവാഹ വേഷം അണിഞ്ഞു. കോട്ടും സ്യൂട്ടും അണിഞ്ഞ് കുഞ്ഞൂട്ടി ചേട്ടന്‍ കൂളിങ് ഗ്ലാസും ധരിച്ചെത്തിയതോടെ മന്ത്രകോടിയില്‍ എണ്‍പതിന്റെ ഭംഗിയുമായി വന്ന മണവാട്ടി ചിന്നമ്മയ്ക്കു നാണം.
അങ്ങനെ 58 വര്‍ഷത്തിനു ശേഷം ഇരുവരുടെയും മുഖത്ത് ക്യാമറ ഫ്‌ലാഷ് മിന്നിമറഞ്ഞപ്പോള്‍ 1962 ജനുവരി ഒന്നില്‍ വിവാഹ ദിനത്തിലെ ഓര്‍മകള്‍ ചിത്രങ്ങളായി മാറി. ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.