തിരുവനന്തപുരം: വീട്ടിലെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒന്നേകാല്‍ വയസ്സുകാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. മംഗലത്തുകോണം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്ആര്യ ദമ്പതികളുടെ ഇളയ മകള്‍ നക്ഷത്രയാണു മരിച്ചത്.
വെള്ളിയാഴ്ച നാലുമണിയോടെയാണു സംഭവം. വീട്ടിലെ തുറന്നുകിടന്ന ഗേറ്റിലൂടെ കുട്ടി റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ വീട്ടുകാരും ശ്രദ്ധിച്ചിരുന്നത്. അമിതവേഗത്തിലെത്തി ബൈക്ക് കുട്ടിയെ ഇടിച്ചു. അപകടവിവരം അറിഞ്ഞിട്ടും യാത്രക്കാരന് ബൈക്ക് നിര്‍ത്താതെ പോയി.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകിട്ട് എസ്എടി ആശുപത്രിയിലായിരുന്നു മരണം. വീട്ടുമുറ്റത്ത് ഗേറ്റിനരികില്‍ മറ്റൊരാളുമായി സംസാരിച്ചു നിന്ന അമ്മയുടെ ശ്രദ്ധയില്‍പ്പെടാതെ പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു നക്ഷത്രയെന്നു ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്കും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കാശിനാഥാണ് നക്ഷത്രയുടെ സഹോദരന്. സംസ്കാരം ഇന്ന്.
Discussion about this post