കൊല്ലം: ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും പോലീസുകാര്‍ക്കുമെതിരെ പ്രകോപനപരമായി പ്രസംഗം നടത്തിയ സംഭവത്തില്‍ യുവമോര്‍ച്ചാ നേതാവിന് കുരുക്ക്. സംഭവത്തില്‍ പോലീസ് കേസെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെയാണ് വിദ്വേഷപ്രസംഗത്തിന് പോലീസ് കേസെടുത്തത്. കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജ് ഭീഷണി ഉയര്‍ത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ കയറി ആക്രമിക്കുമെന്നും ശ്യാംരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. മന്ത്രി കെടി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനുമായിരുന്നു കേസ് എടുത്തത്.
ഇതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്തിയാല്‍ പോലീസുകാരുടെ കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്നതെവിടെയാണെന്നും കുട്ടികളെവിടെയാണ് പഠിക്കുന്നതെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജ് നടത്തിയത്.
Discussion about this post