ചികിത്സിച്ച് പാപ്പരാവാതിരിക്കാന്‍ വേണമെങ്കില്‍ കൊറോണ പോളിസികള്‍ എടുക്കാം , അമ്പതിനായിരംമുതല്‍ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കാം

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അപൂര്‍വംചിലര്‍ മാത്രമാണ് കൊറോണ ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നത്. പലരും ഇതേപ്പറ്റി അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. കോവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കില്‍ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ അങ്ങനെയല്ല.

ഭക്ഷണം മുതല്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നല്‍കണം. ഒരാള്‍ക്ക് 60,000 മുതല്‍ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം. ഈ സാഹചര്യത്തിലാണ് കൊറോണ ഇന്‍ഷുറന്‍സ് തുണയാവുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറല്‍ -ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം കൊറോണ ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയിട്ടുണ്ട്.

500 രൂപമുതല്‍ 5000 രൂപവരെ പ്രീമിയം അടച്ചാല്‍ അമ്പതിനായിരംമുതല്‍ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികള്‍. കൊറോണ ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച അജ്ഞതയാണ് ഇതിന് വേണ്ടത്ര പ്രചാരം കിട്ടാത്തതിന് കാരണമെന്ന് മലപ്പുറം ജില്ലാ സഹകരണബാങ്ക് സാമ്പത്തികസാക്ഷരതാകേന്ദ്രം സഹകാരി എം.കെ.സതീഷ് ബാബു പറഞ്ഞു.

രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പോളിസി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് തല സാമ്പത്തികസാക്ഷരതാകേന്ദ്രങ്ങള്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശാഖകള്‍, ഉപദേഷ്ടാക്കള്‍ എന്നിവരില്‍നിന്ന് വിശദാംശങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 9446788878.

ചില പദ്ധതികള്‍ ഇങ്ങനെ;

കൊറോണ രക്ഷക്

72 മണിക്കൂറിലധികം ആശുപത്രിയില്‍ കിടത്തിച്ചികിത്സ വേണ്ടിവന്നാല്‍ ഇന്‍ഷുര്‍ തുക പൂര്‍ണമായും ലഭിക്കുന്ന പദ്ധതി. 50,000, ഒരുലക്ഷം, ഒന്നരലക്ഷം, രണ്ട് ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെ ലഭിക്കുന്ന പോളിസികളുണ്ട്. സമയപരിധി മൂന്നരമാസം, ആറരമാസം, ഒന്‍പതരമാസം . 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പോളിസിയെടുക്കാം. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചാല്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.

കൊറോണ കവച്

വ്യക്തിക്കും കുടുംബമായും ചേരാവുന്ന പോളിസിയാണിത്. ഒരുദിവസം പ്രായമായ കുട്ടിമുതല്‍ 65 വരെയാണ് പ്രായപരിധി. ചികിത്സയ്ക്ക് ചെലവായ തുക മാത്രമാണ് ലഭിക്കുക -പരമാവധി അഞ്ചുലക്ഷം. സമയപരിധി ‘രക്ഷകി’നെപ്പോലെതന്നെ. ചികിത്സാച്ചെലവുകള്‍ക്കുപുറമെ പി.പി.ഇ. കിറ്റ്, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയ്ക്കും വീട്ടുചികിത്സ, ആംബുലന്‍സ് എന്നിവയ്ക്കുമുള്ള ചെലവുകള്‍ കിട്ടും. അനുബന്ധരോഗങ്ങള്‍ക്കും ആയുര്‍വേദ, ഹോമിയോ, യുനാനി ചികിത്സയ്ക്കും ആനുകൂല്യമുണ്ട്.

Exit mobile version