തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അമ്പതിനായിരത്തിലേക്ക്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം
48,892 ആയി. ഇന്ന് 6477 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കൊവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്താണ് കൊവിഡ് രോഗികള്‍ കൂടുതല്‍. ജില്ലയില്‍ ഇന്ന് 814 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിന് മുകളിലാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 635 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്.
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,11,331 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്.
Discussion about this post