കണ്ണൂർ: കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ടോന്താർ ഗോകുലം വീട്ടിൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റേയും നിമിഷങ്ങളാണ്. ഗോകുലം വീട്ടിൽ ഗോവിന്ദന്റെ മകനായ ഗോകുലിനാണ് കേരള എൻജിനീയറിങ് പ്രവേശനപട്ടികയിൽ രണ്ടാം റാങ്ക് എന്നതുതന്നെ സന്തോഷത്തിന്റെ കാരണം. അച്ഛന്റെ പാത പിന്തുടർന്ന് ഇലക്ട്രിക്കൽ മേഖലയിലേക്കും അവിടുന്ന് സിവിൽ സർവീസിലേക്കും കടക്കണമെന്നാണ് ഗോകുലിന്റെ മോഹം. ഗോവിന്ദൻ കോഴിക്കോട്ടുനിന്ന് ഇലക്ട്രിക്കൽ ഡിപ്ലോമ നേടി റെയ്ഡ്‌കോയിൽ ഫോർമാനായിരുന്നു.
എടമന സ്‌കൂളിൽ ഏഴാം ക്ലാസുവരെ വിദ്യാർത്ഥിയായിരുന്ന ഗോകുലിന്റെ ഹൈസ്‌കൂൾപഠനം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലായിരുന്നു. അമ്മ സുപ്രിയ പഠിപ്പിക്കുന്ന മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ്ടു പൂർത്തിയാക്കിയത്. നാലാം ക്ലാസ് മുതലേ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഗോകുലിന് ഗണിതശാസ്ത്ര ക്വിസാണ് ഏറ്റവും പ്രിയം. ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയിൽ 6291ാം റാങ്ക് കിട്ടിയ ഗോകുൽ 27ന് നടക്കുന്ന അഡ്വാൻസ്ഡ് പരീക്ഷയുടെ തയ്യാറെടുപ്പിന്റെ തിരക്കിലാണ്. പ്ലസ് ടുവിന് 1200ൽ 1192 മാർക്ക് നേടിയ ഗോകുലിന് ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങളിൽ മുഴുവൻ മാർക്ക് ലഭിച്ചു. ഗോകുലിന്റെ സഹോദരി ഗോപിക കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം നേടി മത്സര പരീക്ഷകളിൽ പങ്കെടുത്തുവരികയാണ്.
അതേമയം, കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 443ാം റാങ്കും നേടിയ നീമ പി മണികണ്ഠനും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്, മെക്കാനിക്കൽ, സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിടെക് ചെയ്യുകയാണ് ലക്ഷ്യം. പിതാവ് മണികണ്ഠൻ അടുത്തകാലംവരെ കണ്ണൂർ പ്രതിരോധവകുപ്പിലായിരുന്നു. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റമായതോടെ നീമ അമ്മയ്‌ക്കൊപ്പം പാലക്കാട്ടെ സ്വദേശത്തേക്ക് പോകുകയായിരുന്നു. സിവിൽ സർവീസ് ലക്ഷ്യമിട്ടാണ് നീമയുടേയും പഠനം.