തിരുവനന്തപുരം: ജീവിക്കാന്‍ കഷ്ടപ്പെടുമ്പോഴും കഷ്ടത അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് കൂടി സഹായം എത്തിച്ച കുമ്പളങ്ങി സ്വദേശി കേരളക്കരയ്ക്ക് വലിയ മാതൃകയായിരുന്നു. പൊതിച്ചോറു നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപ കൂടി ഒളിപ്പിച്ചുവച്ചുകൊണ്ടായിരുന്നു മേരി സെബാസ്റ്റ്യന്‍ മറ്റുള്ളവരോടുമുള്ള തന്റെ കരുതല്‍ തുറന്നുകാട്ടിയത്.
നല്ലമനസ്സിനുടമയായ മേരിയെ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആദരിച്ചു. മേരിയുടെ വീട്ടിലെത്തി പ്രശംസാഫലകവും ഒരു ലക്ഷം രൂപയും ഐബിഎസ് സോഫ്‌റ്റ്വെയര്‍ പ്രതിനിധികള്‍ കൈമാറി. നിസ്വാര്‍ത്ഥമായ സേവനമാണു മേരി സെബാസ്റ്റ്യന്‍ കാഴ്ച വയ്ക്കുന്നതെന്ന് ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ് പറഞ്ഞു.
കുമ്പളങ്ങിയില്‍ കേറ്ററിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു മേരി. ഭര്‍ത്താവ് ബോട്ടിന്റെ അറ്റകുറ്റപ്പണി ജോലിയിലും. കോവിഡ് കാലത്ത് ഇരുവര്‍ക്കും ജോലിയില്ലാതായി. ഓഗസ്റ്റില്‍ ചെല്ലാനത്തു മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോള്‍ പൊതിച്ചോറു നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ മേരിയും പങ്കാളിയായി.
ചോറിനൊപ്പം 100 രൂപ കൂടി വച്ചു പൊതിഞ്ഞാണു മേരി നല്‍കിയിരുന്നത്. ഇത് ആരോടും പറഞ്ഞതുമില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട പൊലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണു മേരിയുടെ സത്കര്‍മം പുറത്തറിഞ്ഞത്. മഴയത്ത് ആര്‍ക്കെങ്കിലും കട്ടന്‍ ചായയിട്ടു കുടിക്കാനെങ്കിലും ഉപകരിക്കുമല്ലോ എന്നു കരുതിയാണു രൂപ കൂടി വച്ചതെന്നായിരുന്നു മേരിയുടെ പ്രതികരണം.
Discussion about this post