തിരുവനന്തപുരം: ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേസമയം,ആരോഗ്യ മേഖലയിൽ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പുരസ്കാരത്തോട് പ്രതികരിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാൻ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകിവരുന്ന അവാർഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ൽ ഐക്യരാഷ്ട്ര സഭ ഈ അവാർഡിനായി സർക്കാർ വിഭാഗത്തിൽ തെരഞ്ഞെടുത്ത 7 രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടൻ, മെക്സികോ, നൈജീരിയ, അർമേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിച്ചത്. ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാർഡ് നൽകിയത്.
Discussion about this post