തൃശ്ശൂര്‍: വടക്കാഞ്ചേരി തെക്കുംകരയില്‍ വീടിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തു മരിച്ചു. ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ് (10), സലസ് മിയ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. തീ പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ഡാന്‍ഡേഴ്സ് ജോ (46), ഭാര്യ ബിന്ദു(36) മൂത്തമകള്‍ സലസ് നിയ (12) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.
കിടപ്പുമുറിയിലെ ഇന്വേര്ട്ടര് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. തീ പിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്.
Discussion about this post