കൊച്ചി: ദിലീപിന്റെ പരാതിയിൽ നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ അടക്കമുള്ള അഞ്ച് സിനിമാ പ്രവർത്തകർക്കെതിരെ കോടതിയുടെ നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ പരാതിയിൽ സംവിധായകൻ ആഷിക്ക് അബു നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത്, രേവതി തുടങ്ങിയവർക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെന്നും നടപടി ക്രമങ്ങൾ പരസ്യപ്പെടുത്തരുതെന്നും വിചാരണ കോടതി പറഞ്ഞിരുന്നെന്നും എന്നാൽ ഇവർ സോഷ്യൽ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്നുമാണ് ദിലീപിന്റെ പരാതിയിൽ പറയുന്നത്.
സിനിമാപ്രവർത്തകരുടേത് കോടതിയലക്ഷ്യമാണെന്നും ദിലീപിന്റെ പരാതിയിൽ പറയുന്നു. നേരത്തെ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി, ആഷിക്ക് അബു,പാർവതി തുടങ്ങി നിരവധി പേർ കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതാണ് ദിലീപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ നിന്ന് സാക്ഷികളായ സിദ്ധീഖും ഭാമയും ബിന്ദു പണിക്കരും ഇടവേള ബാബുവും അടക്കമുള്ളവർ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് കൂടിയായ ഭാമയുടെ മൊഴിമാറ്റമാണ് കൂടുതൽ പേരെയും ഞെട്ടിച്ചത്.
ഇതിനെത്തുടർന്നായിരുന്നു വിമർശനവുമായി സോഷ്യൽമീഡിയയിലൂടെ നിരവധി പേർ രംഗത്ത് എത്തിയത്. ഭാമയുടേയും സിദ്ധീഖിന്റേയും പോസ്റ്റുകൾക്ക് താഴെ അവൾക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.
സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവർത്തകരെ വിശ്വസിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവർ ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നുമായിരുന്നു രേവതി പ്രതികരിച്ചത്. നിങ്ങൾക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങൾ കരുതുന്നവർ പെട്ടന്ന് നിറം മാറിയാൽ അത് ആഴത്തിൽ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്.
ആക്രമണംഅതിജീവിച്ചവൾക്ക് സഹപ്രവർത്തകരുടെ പിന്തുണ ഏറ്റവും ആവശ്യമായ സമയത്ത് തന്നെ അവർ ശത്രുതാ പരമായി പെരുമാറുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നും. സിനിമയിലെ അധികാരസമവാക്യങ്ങളിൽ യാതൊരു സ്ഥാനവുമില്ലാത്ത, മറ്റൊരു ഇരതന്നെയായ സ്ത്രീയും കൂറുമാറിയെന്നറിയുമ്പോൾ കൂടുതൽ വേദന തോന്നുന്നെന്നുമായിരുന്നു റിമ പറഞ്ഞത്.
തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിക്ക് അബു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് താരം തന്നെ പിൻവലിച്ചിരുന്നു.
Discussion about this post