കൊല്ലം: കോവിഡിനെ തോല്‍പിച്ച് ജീവിതത്തിലേക്ക് മടങ്ങിയ വീട്ടമ്മയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ചവറ പുത്തന്‍തുറ സ്വദേശിയായ ജാനകിയമ്മയാണ് ബന്ധുക്കളെയും കാത്ത് കഴിയുന്നത്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ജില്ലാ ആശുപത്രിയിലാണ് ഈ 90 വയസ്സുകാരിയുള്ളത്.
അടുത്ത ബന്ധുക്കള്‍ ഉണ്ടായിട്ടും ജാനകിയമ്മ ഗാന്ധിഭവനിലാണു കഴിഞ്ഞ കുറെ നാളുകളായി കഴിഞ്ഞിരുന്നത്. കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പു അധികൃതര്‍ ജാനകിയമ്മയെ പുത്തന്‍തുറയിലെ ചെറുമകന്റെ വീട്ടില്‍ എത്തിച്ചിരുന്നു.
തുടര്‍ന്നു വാര്‍ഡ് അംഗം ഇടപെട്ടു നടത്തിയ പരിശോധനയിലാണു ജാനകിയമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ചവറ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ജാനകിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരുന്നു കുറച്ചുനാള്‍.
20 ദിവസത്തെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെയാണു ജാനകിയമ്മ മരണമുഖത്തു നിന്നു തിരികെ ജീവിതത്തിലെത്തിയത്. എന്നാല്‍ രോഗം ഭേദമായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും തന്നെ ആശുപത്രിയില്‍ എത്തിയിയിട്ടില്ല.
10 ദിവസം കഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ തന്നെ കഴിയുകയാണ് ജാനകിയമ്മ. അമ്മയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകാത്തതിനെ തുടര്‍ന്നു സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സൗകര്യം ഒരുക്കി ജാനകിയമ്മയെ സംരക്ഷിക്കുകയാണ് .