തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ നടന്ന 2020ലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എഞ്ചിനീയറിങിൽ വരുൺ കെഎസ് (കോട്ടയം) ആണ് ഒന്നാം റാങ്ക് നേടിയത്. ഗോകുൽ ഗോവിന്ദ് ടികെ (കണ്ണൂർ) നിയാസ് മോൻ പി (മലപ്പുറം) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. അതേസമയം, ഫാർമസി പ്രവേശന പരീക്ഷയിൽ തൃശ്ശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. അക്ഷയ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്. ഫാർമസി പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് കാസർകോട് സ്വദേശി ജോയൽ ജെയിംസിനും മൂന്നാം റാങ്ക് കൊല്ലം സ്വദേശി ആദിത്യ ബൈജുവിനുമാണ്. ആദിത്യ ബൈജുവിന് തന്നെയാണ് എഞ്ചിനീയറിങിൽ നാലാം റാങ്കും.
അതേസമയം, എഞ്ചിനീയറിങ് ആദ്യത്തെ നൂറ് റാങ്കിൽ ഇടം പിടിച്ചത് 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ്. ഇതിൽ 66 പേർ ആദ്യ ശ്രമത്തിൽ പാസായവരാണ്. 34 പേർ രണ്ടാമത്തെ ശ്രമത്തിൽ പാസായവരും.
എഞ്ചിനീയറിങ്: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ
നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർകോട്)
ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ് യു (മലപ്പുറം)
പത്താം റാങ്ക്: അലീന എംആർ (കോഴിക്കോട്)
ജൂലായ് 16ന് നടത്തിയ സംസ്ഥാന എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ സ്കോർ സെപ്റ്റംബർ 9ന് പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനും നിർദ്ദേശിച്ചിരുന്നു. അപ്രകാരം എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 56,599 വിദ്യാർത്ഥികളിൽ 53,236 വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചു. വിശദമായ വിവരങ്ങൾക്കായി വെബ്സൈറ്റിലുളള വിജ്ഞാപനങ്ങൾ കാണുക.
ചിത്രം കടപ്പാട്: മാതൃഭൂമി
Discussion about this post