തിരുവനന്തപുരം: വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മാണകേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ മെഡ്സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മാണോദ്ഘാടനം തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നി്ര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ നാഴികക്കല്ലാകാന്‍ പോകുന്ന പദ്ധതിയാണിത്. മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി വൈദ്യശാസ്ത്ര വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുകയാണ് മെഡ്സ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. ബയോടെക്നോളജി ഗവേഷണത്തിനൊപ്പം സംരഭകത്വവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയം. ഈ രംഗത്തേക്ക് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന വ്യാവസായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുകയും ചെയ്യും
ഏതാണ്ട് 80,000 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണ വിപണിയാണ് രാജ്യത്തുള്ളത്. എന്നിട്ടുപോലും ഇവിടെ ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ മെഡ്സ് പാര്ക്കിന് വലിയ സാധ്യതയാണുള്ളത്. വൈദ്യശാസ്ത്ര ഉപകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് മെഡ്സ് പാര്‍ക്കിലെ സൗകര്യങ്ങള്‍ ഏറെ പ്രയോജനപ്പെടുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്കു പരോക്ഷമായും തൊഴിലവസരമുണ്ടാകുമെനന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് അതിവേഗം വികസിക്കുന്ന മേഖലയാണ് ബയോടെക്നോളജി. കേരളത്തിന്റെ സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ ജൈവസമ്പത്ത് വിവേചന ബുദ്ധിയോടെ പ്രയോജനപ്പെടുത്തിയാല്‍ വ്യാവസായിക വികസന രംഗങ്ങളില്‍ കുതിച്ചുച്ചാട്ടം നടത്താനാകും. ഇതു തിരിച്ചറിഞ്ഞാണ് സംസ്ഥാനത്തെ പൊതു വ്യവസായ മേഖലയെ ജൈവ മേഖലയുമായി കണ്ണിചേര്‍ക്കുന്ന പ്രക്രിയയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ലൈഫ് സയന്‍സ് പാര്‍ക്കിന്റെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. രണ്ടുഘട്ടങ്ങളിലായി 155 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്.
ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന വിവിധ പദ്ധതികള്‍ക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ഇതിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി. ഇതിനൊപ്പം പുതിയ മെഡ്സ് പാര്‍ക്ക് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ വികസനം ദ്രുതഗതിയിലാകും. ശരീരത്തിനകത്തും പുറത്തും ഘടിപ്പിക്കാവുന്ന ഹൈ റിസ്ക് ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായിരിക്കും മെഡ്സ് പാര്‍ക്ക് ഊന്നല്‍ നല്‍കുക. ഇതുവഴി ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട വൈദ്യ ശാസ്ത്ര ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ രാജ്യത്തിനുള്ള മുന്‍തൂക്കം പ്രയോജനപ്പെടുത്താനും വൈദ്യ ശാസ്ത്ര ഉപകരണ നിര്‍മാണകേന്ദ്രമാക്കി കേരളത്തെ മാറ്റാനും മെഡ്സ് പാര്ക്കിന് കഴിയും.ദീര്‍ഘവീക്ഷണത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മികച്ച ജൈവസാങ്കേതിക വളര്‍ച്ച നേടാന്‍ കഴിയും. ഈരംഗത്ത് ഉപയോഗിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട മനുഷ്യ വിഭവ ശേഷി കേരളത്തിന്റെ പ്രത്യേകതയാണ്. ഇതും കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി ലൈഫ് സയന്‍സ് പാര്‍ക്കിനെ ജൈവസാങ്കേതിക രംഗത്തെ ശ്രേഷ്ഠ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന് അധ്യക്ഷത വഹിച്ചു. അടിസ്ഥാനസൗകര്യ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായരംഗത്ത് കേരളത്തെ മുന്‍നിരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായസംരംഭങ്ങള്‍ക്കുള്ള അനുമതി നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഗവേഷണം, നവീന ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കല്‍ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുക എന്നതാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് സയന്‍സ് പാര്‍ക്കിലെ ഒമ്പത് ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഉയരുക. 150 കോടി സംസ്ഥാന വിഹിതവും ബാക്കി 80 കോടി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളില്‍നിന്നും ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമാക്കുക. ഒന്നാംഘട്ട നിര്‍മ്മാണത്തിന്റെ 62 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയായി. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആഗോള സ്വീകാര്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ഡിവൈസ് ടെസ്റ്റിംഗ് ആന്‍ഡ് ഇവാല്യുവേഷന് സെന്റര്‍, ഗവേഷണത്തിനും ഉപകരണ വികസനത്തിനും റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് റിസോഴ്സ് സെന്റര്‍, തുടര്‍പരിശീലനം, നിയമസഹായം, ക്ലിനിക്കല്‍ ട്രയല്‍ എന്നിവയുമായി ബന്ധപ്പെട്ട് നോളജ് സെന്റര്‍, സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, കമ്പനികള്‍ക്ക് പാട്ടത്തിന് നല്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും.
Discussion about this post