തിരുവനന്തപുരം; ബിജെപി നടത്തുന്ന സമരങ്ങളില്‍ നിന്ന് സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന് വിട്ടു നില്‍ക്കുന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. പാര്‍ട്ടിയില്‍ പോരിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇരുപക്ഷവും. ശോഭയുടെ പിന്മാറ്റം ഇപ്പോള്‍ ചര്‍ച്ചയാക്കിയതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കെ സുരേന്ദ്രനെന്നാണ് വിവരം. ബിജെപി പ്രതിഷേധങ്ങളിലും സമരങ്ങളില്‍ നിന്നെല്ലാം ശോഭ സുരേന്ദ്രന് വിട്ടുനില്ക്കുകയാണിപ്പോള്. ബിജെപി മുഖമായി ചാനല്‍ ചര്‍ച്ചകള്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശോഭാ സുരേന്ദ്രന് നിലവില്‍ ഫേസ്ബുക്കിലൂടെ മാത്രമാണ് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നത്.
എന്നാല്‍ തന്റെ നേതത്വത്തില്‍ നടക്കുന്ന സമരങ്ങളെല്ലാം വന്‍ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ശോഭാ സുരേന്ദ്രന്റെ അഭാവം ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നതെന്നുമാണ് കെ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ ഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പിഎസ് ശ്രീധരന് പിള്ള സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ശോഭാ സുരേന്ദ്രന്.
എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കരുക്കള്‍ നീക്കിയതോടെയാണ് ശോഭാ സുരേന്ദ്രന് പുറത്തായത്. കെ സുരേന്ദ്രന് അധ്യക്ഷനാവുകയും ചെയ്തു. ഇപ്പോഴുള്ള ശോഭ സുരേന്ദ്രന്റെ പിണക്കം മാറ്റാന്‍ ഇവരെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post