കോവിഡ് ബാധിച്ച് അവശനായി; കാറില്‍ ബോധരഹിതനായി കിടന്ന മകനെ രക്ഷിക്കണമെന്ന് അമ്മ കരഞ്ഞുപറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല, ഒടുവില്‍ രക്ഷകനായി എത്തി പോലീസുകാരന്‍

മലപ്പുറം: കാറില്‍ ബോധരഹിതനായി കിടന്ന യുവാവിനെ കോവിഡ് ഭയന്ന് ആരും രക്ഷിക്കാന്‍ എത്തായതോടെ തുണയായെത്തി പോലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറം വേങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്.

ബാസില്‍ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ ബോധരഹിതനായ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞദിവസം ഇരിങ്ങല്ലൂര്‍ കുറ്റിത്തറ പെട്രോള്‍ പമ്പിനു സമീപം രാവിലെയാണ് സംഭവം.

കോട്ടയ്ക്കലില്‍നിന്നു വേങ്ങരയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. അതിനിടെയാണ് പമ്പിന് സമീപം ആള്‍ക്കൂട്ടം കണ്ടത്. ബൈക്ക് നിര്‍ത്തി സംഭവം എന്താണെന്ന് നോക്കാന്‍ പോയപ്പോഴാണ് പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ ഒരു യുവാവ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്.

മകനെ രക്ഷിക്കണമെന്ന് യുവാവിന്റെ കൂടെയുള്ള മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല. തുടര്‍ന്നാണ് യുവാവിനെ രക്ഷിക്കാനായി അനീഷ് എത്തിയത്. ബാസില്‍ മുഹമ്മദിന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കോവിഡ് പരിശോധനാ ഫലം വന്നപ്പോള്‍ യുവാവിന് പോസിറ്റീവാണെന്നും കോവിഡ് ബാധയുടെ മൂര്‍ധന്യത്തിലാണ് ബോധരഹിതനായതെന്നും കണ്ടെത്തി. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനീഷും ബാസില്‍ മുഹമ്മദും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.

Exit mobile version