പരാതി പറഞ്ഞിട്ട് കാര്യമില്ല, വേറെ വഴിയുമില്ല; ജീപ്പില്‍ കല്ലു കൊണ്ടു വന്ന് നനച്ച് കുഴിയിലിട്ടു, ബസ് കല്ലിലൂടെ കയറ്റി റോഡിലെ കുഴിയടച്ച് പോലീസുകാര്‍

കോട്ടയം: പരാതികള്‍ കേട്ട് മടുത്ത് ഒടുവില്‍ റോഡിലെ കുഴി മണ്ണിട്ട് മൂടി പൊലീസുകാര്‍. കെകെ റോഡില്‍ കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മേല്‍പാലത്തിനു സമീപത്തെ കുഴികളാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസ് അടച്ചത്.

ഇവിടെ എന്നും ഗതാഗതക്കുരുക്കും പരാതികളും ആയിരുന്നു. പലയിടത്തും പരാതി വിളിച്ചു പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടി ഉണ്ടായില്ല. ഓരോ ദിവസവും കുഴി വലുതായി വരുന്നുവെന്നും ദിവസവും ഗതാഗതക്കുരുക്കുണ്ടാകുന്നുവെന്നും കോട്ടയം ട്രാഫിക് സ്റ്റേഷന്‍ എഎസ്‌ഐ കെ.കെ.പ്രസാദ് പറഞ്ഞു.

വേറെ വഴിയില്ലാത്തതുകൊണ്ട് പോലീസ് ജീപ്പില്‍ കല്ലു കൊണ്ടു വന്നു. വെട്ടുകല്ലു നനച്ചു കുഴിയിലിട്ടു. ഞങ്ങള്‍ക്കു റോഡ് റോളര്‍ ഇല്ലല്ലോ. ബസ് കല്ലിലൂടെ കയറ്റി കുഴി അടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് കുഴി അടച്ചതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലും കുഴിയടച്ചു.

ട്രാഫിക് സ്റ്റേഷനിലെ എഎസ്‌ഐ കെ.കെ.പ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍ വേണുഗോപാല്‍, കണ്‍ട്രോള്‍ റൂം എസ്‌ഐ നടരാജന്‍ ചെട്ടിയാര്‍, എഎസ്‌ഐ പി.കെ.സന്തോഷ്, എം.ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് കല്ലുകൊണ്ടുവന്ന് റോഡിലെ കുഴികള്‍ അടച്ചത്.

മഴ മൂലമാണു കുഴി രൂപപ്പെട്ടത്. പൊലീസ് പരാതി പറഞ്ഞതിനെ തുടര്‍ന്നു കുഴികളില്‍ ഭൂരിഭാഗവും ടാറിങ് റെഡി മിക്‌സ് (ഷെല്‍മാക്) ഉപയോഗിച്ച് അടച്ചു. വെള്ളക്കെട്ട് ആയതിനാലാണ് ജോലികള്‍ വൈകിയത്. പൊതുമരാമത്ത് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ.മീര പറഞ്ഞു.

Exit mobile version