കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്ന് ഇ ശ്രീധരന്. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന 17.4 കോടി രൂപ ബാങ്കില്‍ ഉണ്ട്, അത് ഉപയോഗിക്കാമെന്നും ശ്രീധരന് വ്യക്തമാക്കി.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇ ശ്രീധരന് പാലം പണിയുടെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന് അറിയിച്ചത്. കേരളത്തിലെ പ്രവര്‍ത്തനം സെപ്തംബര്‍ 30 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
‘മുഖ്യമന്ത്രി വിളിച്ചപ്പോള്‍ സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ തന്നെ പാലം പുനര്‍നിര്‍മിക്കുന്നതാണ് നല്ലതെന്നും സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു,’ ഇ. ശ്രീധരന് അറിയിച്ചു. ഇ ശ്രീധരന് തന്നെ ചുമതല ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ജനങ്ങള്‍ക്കും നാടിനും വേണ്ടിയാണ് ഈ ചുമതല കൂടി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംആര്‍സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷന് തിരികെ കൊണ്ടു വരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി തുടങ്ങാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട്-ഒന്‍പത് മാസത്തിനുള്ളില്‍ പാലം തുറന്ന് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post