തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കെഎഎസ്പി) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി. 2019-20 വര്‍ഷത്തിലായി 9,61,389 പേര്‍ക്കും 2020-21 വര്‍ഷത്തിലായി 3,82,357 പേര്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്. ഈ കാലയളവില്‍ 800 കോടിയോളം രൂപയുടെ ചികിത്സയാണ് നല്‍കിയത്. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ പ്രതിസന്ധിയിലാഴ്ത്തുന്ന മുഖ്യഘടകമാണ് പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികില്‍സാ ചെലവുകള്‍. ഈ സാഹചര്യം അതിജീവിക്കുന്നതിനായി ആയുഷ്മാന്‍ ഭാരതിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കൊവിഡ് കാലത്ത് കേരള സമൂഹത്തിന് കൂടുതല്‍ കരുത്ത് പകരാനും ഈ പദ്ധതി സഹായകമായി. കൊവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ 1,400 ഓളം കൊവിഡ് ബാധിത രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കാസ്പിന്റെ ആദ്യ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍ റിലയന്‍സായിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ് പരിഹിക്കാനായുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തി വന്ന വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ഒരു കുടക്കീഴില് ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പാക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മുഖ്യ ദൗത്യം എന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 221 സ്വകാര്യ ആശുപത്രികളും 190 സര്‍ക്കാര്‍ ആശുപത്രികളും ആണ് പദ്ധതിയില്‍ അംഗമായിരുന്നത്. എന്നാല്‍ 2020 ജൂണ്‍ ഒന്നിന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രവര്‍ത്തനമാരംഭിച്ചതോടെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗങ്ങളായി. 2020 ജൂണ്‍ ഒന്നിന് ശേഷം 281 സ്വകാര്യ ആശുപത്രികളില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചതു മുതല്‍ ഇതുവരെ കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പദ്ധതിയുടെ ഭാഗമായി 800 കോടി രൂപയാണ് നല്‍കിയത്. ഈ തുക ചികിത്സാ ചെലവുകള്‍ക്ക് പുറമേ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ആസ്ഥിവികസനത്തിനും മനുഷ്യവിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിച്ചുവരുന്നു. പദ്ധതിയില്‍ അംഗമായ ആശുപത്രികളിലായി അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിലവില്‍ അംഗങ്ങായ 477 ആശുപത്രികളിലായി 1,000 ഓളം മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ 2 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.
Discussion about this post