ചെന്നൈ: ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിച്ചാല്‍ മുസ്ലിം പള്ളികളിലെ പ്രാര്‍ത്ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷിസംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് അര്ജുന് സമ്പത്ത്. ഡിസംബര്‍ 16 ന് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുമെന്നും, 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കമെന്ന വാര്‍ത്ത തെറ്റെന്നും അര്ജുന് സമ്പത്ത് വ്യക്തമാക്കി.
അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നം സൃഷ്ടിക്കാന്‍
തീവ്രഹിന്ദുസംഘടനകള്‍ ശ്രമിച്ചേക്കുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തന്റെ റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിന് ശ്രമം നടക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എരുമേലി വാവര് പള്ളിയില്‍ എത്തിക്കാനാണ് നീക്കം. വാവര് പള്ളിയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും പ്രാര്‍ത്ഥനാലയത്തില്‍ കടന്ന് പ്രതിഷേധിക്കുകയാണ് ലക്ഷ്യം.
ഇതിലൂടെ മുസ്ലീം പള്ളിയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെന്ന ചര്‍ച്ച ഉയര്‍ത്തി സുപ്രീംകോടതിയെ സമീപിക്കാനാണ് ഹിന്ദുസംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് എഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി.
Discussion about this post