തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നാളെ മുതല്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകണം. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാന്‍ തീരുമാനിച്ചു.
അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം.
പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമില്ല. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.
പരിശോധന നടത്താത്തവര്‍ ബാക്കിയുളള ഏഴുദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
Discussion about this post