തിരുവനന്തപുരം: ദേശീയ വ്യവസായ ഇടനാഴിയുടെ ഒരുഭാഗം കൊച്ചിവരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമഫലമായാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊച്ചി – സേലം ദേശീയപാതയുടെ ഇരുവശത്തും കേരളത്തിന്റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. പദ്ധതിക്കുവേണ്ടി 1872 ഏക്കര്‍ പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാവും പദ്ധതിയുടെ ചുമതല. പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററായിരിക്കും വ്യവസായ ഇടനാഴിയുടെ നീളം. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ തുടരുകയാണ്.
ഏകജാലക സംവിധാനം വഴിയാവും അനുമതികള്‍ നല്‍കുക. വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ നഗരമായ ഗിഫ്റ്റ് (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ്) യാഥാര്‍ഥ്യമാക്കുന്നതിനായി 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും.
അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വാണിജ്യ – വ്യവസായ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന കേന്ദ്രമായി കൊച്ചി മാറും. 1.20 ലക്ഷം പേര്‍ക്ക് നേരിട്ടും 3.60 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post