കൊച്ചി: പാലാരിവട്ടം പാലം ഒമ്പത് മാസത്തിന് അകം പൊളിച്ചു പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. മേല്‍നോട്ടച്ചുമതല ഇ.ശ്രീധരന് നല്‍കുമെന്നും മുഖ്യമന്ത്രിയും താനും ഇന്നുതന്നെ ഇ.ശ്രീധരനോട് സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതു ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി നിയമപരമായും സാങ്കേതികമായും ഭരണപരമായും തികച്ചും ശരിയാണെന്നും മന്ത്രി പറഞ്ഞു. കാലതാമസം കാരണം മൂന്നുമാസം മുന്‍പ് ഇ.ശ്രീധരന്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയിരുന്നു.
കൊച്ചി പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കില്‍ സര്‍ക്കാരിന് അതാകാം എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാരിന് അനുകൂലമായി തീര്‍പ്പുണ്ടായിരിക്കുന്നത്. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.
പാലം നിലനില്‍ക്കുമോ എന്നറിയാന്‍ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച് പഠിച്ച പല വിദഗ്ധസമിതികളും റിപ്പോര്‍ട്ട് നല്‍കിയതാണ്. മേല്‍പ്പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാല്‍ 20 വര്‍ഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.അടിയന്തരമായി പാലാരിവട്ടത്തെ മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കൊച്ചിയില്‍ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം സെപ്റ്റംബറില്‍ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.