കോഴിക്കോട്: കരിപ്പൂർ വിമാനാപകടം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങാനാകാതെ പരിക്കേറ്റ രണ്ടുപേർ കണ്ണീർക്കാഴ്ചയാകുന്നു. വയനാട് സ്വദേശി നൗഫലും കടലുണ്ടി സ്വദേശി റഷീദിന്റെ ഭാര്യ സാജിനയമാണ് എന്ന് ആശുപത്രി വിടാനാകുമെന്നറിയാതെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. നൗഫൽ (36) മിംസ് ആശുപത്രിയിലും സാജിന (32) കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലും ചികിത്സയിലാണ്.
സാജിനയുടെ ഇടതുകാൽ കഴിഞ്ഞ ദിവസം മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന ഇവർക്ക് രണ്ട് മക്കളുണ്ട്. ഭർത്താവും മക്കളുമൊന്നിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സാജിനയും ദുരന്തത്തിൽപെട്ടത്. മക്കൾക്കും സാരമായ പരിക്കേറ്റിരുന്നു.
അതേസമയം, നൗഫലിന് ശരീരമാസകലം പരിക്കുള്ളതിനാൽ 12ഓളം ശസ്ത്രക്രിയകൾ വേണ്ടിവന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനിയും കാലുകൾക്ക് രണ്ട് ശസ്ത്രക്രിയ വേണം. പ്ലാസ്റ്റിക് സർജറി കഴിഞ്ഞതിനാൽ പത്ത് ദിവസമായി കമിഴ്ന്നാണ് കിടക്കുന്നത്. ഒരുമാസം കൂടി കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. നൗഫൽ ഷാർജയിൽ സെയിൽസ്മാനായിരുന്നു. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ദുരന്തത്തിൽപെട്ടത്.
നൗഫലും സാജിനയും ഒഴികെ ദുരന്തത്തിൽ പരിക്കേറ്റ എല്ലാവരും ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ച കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കാട്ടിൽ ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകൾ ഫാത്തിമ ഇസ്സയും ഞായറാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. ഒന്നരമാസമായി മിംസ് ആശുപത്രിയിലായിരുന്നു ഇരുവരും. ഇരുകാലുകൾക്കും പരിക്കേറ്റ് 11 ശസ്ത്രക്രിയകൾ വേണ്ടി വന്നു അമീന ഷെറിന്. മകൾ ഫാത്തിമ ഇസ്സയെ ഒരാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ആശുപത്രിയിൽതന്നെ കഴിയുകയായിരുന്നു.
വിമാനാപകടത്തിൽ പരിക്കേറ്റ പലരും കോഴിക്കോട് മിംസ്, മെയ്ത്ര, ബേബി ആശുപത്രികളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലായാണ് വീട്ടിലേക്ക് മടങ്ങിയത്.