ശബരിമല നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല നിരീക്ഷണത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

നിരീക്ഷണ സമിതി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ശബരിമലയിലുള്ള പോലീസിന്റെ അധികാരത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. അതിനാല്‍ നിരീക്ഷണ സമിതിയെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ഹൈക്കോടതി മുന്‍ ജഡ്ജിയും ദേവസ്വം ഓംബുഡ്‌സ്മാനുമായ ജസ്റ്റീസ് പിആര്‍രാമന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയര്‍മാനായ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എസ് സിരിജഗന്‍, ഫയര്‍ഫോഴ്‌സ് ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ സമിതിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിനും പോലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ട്.

Exit mobile version