കൊച്ചി: നേവിയിലെ ഒബ്‌സര്‍വര്‍ സ്‌കൂളില്‍നിന്ന് വൈമാനിക നിരീക്ഷകയായുള്ള പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമായിരുന്നു ക്രീഷ്മ എന്ന പാലക്കാട്ടുകാരി. സൈനികലോകത്തേയ്ക്ക് എത്തണമെന്ന ക്രീഷ്മയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സഫലമായത്.
മകളുടെ ഈ വലിയ മോഹത്തിനു പിന്തുണയുമായി ചെന്നൈയില്‍ ഫാര്‍മസിസ്റ്റായ അച്ഛന്‍ രവികുമാറും ഒപ്പം തന്നെയുണ്ടായിരുന്നു. അച്ഛനും കട്ടയ്ക്ക് ഒപ്പം നിന്നതോടെ ക്രീഷ്മയ്ക്ക് സ്വന്തമായത് ഇന്ത്യന്‍ നാവികസേനയുടെ വെള്ളക്കുപ്പായമാണ്. നാലു പെണ്‍കുട്ടികളാണ് തിങ്കളാഴ്ച നാവികസേനയിലെ വൈമാനിക നിരീക്ഷകരായത്.
ഇക്കൂട്ടത്തിലെ ഏക മലയാളിയാണ് ക്രീഷ്മ. കരസേനയിലേക്ക് അപേക്ഷിച്ചിരുന്ന ക്രീഷ്മ അവിടെ ഒന്നാം റാങ്കോടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ആ സമയത്തുതന്നെ നാവികസേനയിലേക്കും സെലക്ഷന്‍ ലഭിച്ചു. നാവികസേനയില്‍ തുടരാനാണ് ക്രീഷ്മ തീരുമാനിച്ചത്.
”സൈന്യത്തിലാണെങ്കില്‍ കരയില്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. നാവികസേനയിലാണെങ്കില്‍ കരയിലും വെള്ളത്തിലും ആകാശത്തിലും പ്രവര്‍ത്തനമേഖലയുണ്ടാകും. അതിന്റെ ത്രില്‍ ഒന്നുവേറെയാണ്. രാജ്യത്തിനുവേണ്ടി സൈന്യത്തില്‍ ചേരുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” -ക്രീഷ്മ പറഞ്ഞു.
അന്തര്‍സര്‍വകലാശാല കായികമേളയില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞിട്ടുണ്ട് ക്രീഷ്മ. ട്രിപ്പിള്‍ ജമ്പും വഴങ്ങും. ക്രീഷ്മ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയില്‍ തന്നെയാണ്. ചെന്നൈയിലെ സെയ്ന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് എന്‍ജിനിയറിങ് ബിരുദം നേടിയത്.