കൊച്ചി: എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീല്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പ്‌ളോസീവ്‌സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം.
അതേസമയം പെരുമ്പാവൂര്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം ഉണ്ടായ വിജയ ക്വാറിയുടെ ഉടമകളായ ബെന്നി, റോബിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഒളിവില്‍ പോയവര്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നുമാണ് അന്വേഷണ ചുമതലയുളള പെരുമ്പാവൂര്‍ ഡിവൈഎസ്പി വ്യക്തമാക്കിയത്.
പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. കെട്ടിടത്തില്‍ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Discussion about this post