കൊച്ചി : ഏതെടുത്താലും പത്ത് രൂപ, ഈ ബോര്‍ഡ് കണ്ട് കടയിലേക്ക് കയറാന്‍ നോക്കുമ്പോള്‍ കടയുടെ ബോര്‍ഡ് കണ്ട് പലരും ഒന്നു അമ്പരക്കും, കാരണം ഇതൊരു സ്റ്റുഡിയോ ആണ്. കളമശ്ശേരി മുട്ടാറിലെ കാമിയോ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ഇപ്പോള്‍ പലചരക്ക് കടയായി മാറിയിരിക്കുന്നത്.
നല്ല നിലയില്‍ പോയിരുന്ന സ്റ്റുഡിയോ കോവിഡ് വന്നതോടെ പ്രതിസന്ധിയിലായി. സ്റ്റുഡിയോയിലേക്ക് ആളു കയറാതെയായതോടെയാണ് ജീവിക്കാനായി ഫോട്ടോഗ്രാഫര്‍ ജലീല്‍ തന്റെ സ്റ്റുഡിയോയെ പലചരക്ക് കടയാക്കിയത്. വാടക പോലും കൊടുക്കാനാകാതെ ജലീല്‍ ബുദ്ധിമുട്ടിയിരുന്നു.
സഹോദരീ ഭര്‍ത്താവ് അനസാണ് 10 രൂപയ്ക്ക് സാധനങ്ങള്‍ വില്‍ക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. ഫോട്ടോഗ്രാഫി കൈവിടാനാകില്ലെന്ന് ജലീല്‍ പറഞ്ഞതോടെ സ്റ്റുഡിയോ മാറ്റേണ്ടെന്നും തീരുമാനിച്ചു. സ്റ്റുഡിയോ 10രൂപയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടയാക്കിയ വിവരം കേട്ടറിഞ്ഞ ആളുകള്‍ കൗതുകത്തോടെ എത്താന്‍ തുടങ്ങി.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇവിടെ ലഭിക്കും. എല്ലാം പത്തിന്റെ പാക്കറ്റിലാക്കിയാണ് വില്പന. വെളിച്ചെണ്ണയും പാമോയിലും അടക്കം പത്തു രൂപയുടെ പാക്കറ്റിലുണ്ട്. അങ്ങനെ 150-ഓളം സാധനങ്ങള്‍. കോവിഡിനെത്തുടര്‍ന്ന് എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
അവര്‍ക്കുകൂടി വേണ്ടിയാണ് ഈ സംരംഭമെന്നും ജലീല്‍ പറഞ്ഞു. അവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങി കോവിഡ് കാലത്ത് കുടുംബ ബജറ്റ് നിയന്ത്രിക്കാനും കഴിയും. ദിവസം 3000 രൂപ വരെ കച്ചവടം നടക്കാറുണ്ടെന്നും വരുന്നവരില്‍ ചിലര്‍ ഫോട്ടോ കൂടി എടുക്കാറുണ്ടെന്നും ജലീല്‍ പറഞ്ഞു.
Discussion about this post