കൊല്ലം: ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീന് പ്രവേശിച്ചു. കൊട്ടാരക്കര നഗരസഭാ അധ്യക്ഷന്‍ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീന് പ്രവേശിച്ചത്. ഇവര്‍ക്കൊപ്പം പത്ത് കൗണ്‍സിലര്‍മാരും നിരീക്ഷണത്തിലാണ്. നേരത്തെ എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥന് തുടങ്ങിയവരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.
തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥന് തുടങ്ങിയവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എംഎല്‍എമാര്‍ ക്വാറന്റൈനില്‍ പോയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 553 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post