ലഖ്നൗ: കൊവിഡില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത് വില്‍പ്പന നടത്തുന്ന കൊറോണ കാര്‍ഡ് നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഇത്തരം കാര്‍ഡുകള്‍ രോഗ വ്യാപനത്തിന് കാരണമാക്കുമെന്നും കാര്‍ഡുകള്‍ നിരോധിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എടുക്കാത്തത് എന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു. ലോകാരോഗ്യ സംഘടനയോ രാജ്യത്തെ ഐസിഎംആറോ ഇത്തരം കാര്‍ഡുകളെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന കാര്യം ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കാണ്‍പുരിലെ ജിഎസ്വിഎം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വികാസ് മിശ്ര പറഞ്ഞു.
കൊറോണ കാര്‍ഡ് ധരിച്ചാല്‍ രോഗം വരില്ലെന്നത് മിഥ്യാധാരണയാണ്. ജനങ്ങള്‍ അവ ധരിച്ച് സുരക്ഷിതത്വം ലഭിക്കുമെന്ന മിഥ്യാധാരണയില്‍ ആള്‍ക്കൂട്ടം ഉള്ള സ്ഥലങ്ങളിലെല്ലാം പോകുന്നത് അപകടകരമാണ്. ഇത് രോഗവ്യാപനം വര്‍ധിപ്പിക്കും. പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടാത്ത ഒരു ഉത്പന്നം കൊവിഡ് ബാധയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലെ കഴുത്തില്‍ അണിയാവുന്നവയാണ് കൊറോണ കാര്‍ഡുകള്‍. അവ ധരിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് അവകാശവാദം. ഗോ കൊറോണ, ഷട്ടൗട്ട് കൊറോണ, കൊറോണ ഔട്ട് എന്നീ പേരുകളിലാണ് യുപിയില്‍ ഇവ വിറ്റഴിക്കുന്നത്. വന്‍ വില്‍പ്പനയാണ് ഇത്തരം കൊറോണ കാര്‍ഡുകള്‍ക്ക് ഉള്ളത്. കാര്‍ഡിനുള്ളില്‍ എന്താണ് ഉള്ളതെന്ന് പോലും അറിയാതെയാണ് പലരും അത് വാങ്ങി ഉപയോഗിക്കുന്നത്. കുന്തിരിക്കത്തിന്റെ മണമുള്ളവയാണ് ചില കാര്‍ഡുകള്‍. ഇവയ്ക്ക് ഒരു ആധികാരിക കേന്ദ്രവും അംഗീകാരം നല്‍കിയിട്ടില്ല. 75 മുതല്‍ 130 രൂപ വരെയാണ് വില. രണ്ട് മാസമായി പ്രതിദിനം 50 -60 കാര്‍ഡുകള്‍ ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നത്.
Discussion about this post