കൊച്ചി: ഡബ്ല്യൂസിസി പത്രസമ്മേളനത്തിനിടെ സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ നടി അര്‍ച്ചന പത്മിനി ആരോപണമുന്നയിച്ചായിരുന്നു. ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന് സിനിമയുടെ സെറ്റില്‍ മോശം അനുഭവമുണ്ടായി എന്നും അതിനെതിരെ സംഘടന ഫെഫ്ക നടപടി സ്വീകരിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്.
‘ശുദ്ധകള്ളമാണതെന്നും അര്‍ച്ചന എന്നു പറഞ്ഞ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഒരു മെയിലയച്ചപ്പോള്‍ അപ്പോള്‍ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നുവെന്ന്’ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
‘ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാമെന്നും പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും ഞങ്ങള്‍ അതിനു തയാറല്ല എന്നാണ് അവര്‍ പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം ഡബ്ല്യുസിസിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നടന്ന വിമണ്‍ ഇന്‍ സിനിമ കലക്ടീവ് പത്രസമ്മേളനത്തിനിടെ പുള്ളിക്കാരന് സ്റ്റാറാ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മോശം അനുഭവം ഉണ്ടായെന്നും അതിനെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിട്ടും ബി ഉണ്ണിക്കൃഷ്ണന് ഒരു നടപടിയും എടുത്തില്ലെന്നാണ് അര്‍ച്ചന ആരോപിച്ചത്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ച്ചന ചോദിച്ചിരുന്നു.
Discussion about this post