ന്യൂഡല്‍ഹി: സസ്പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണെന്ന് കെകെ രാഗേഷ് എംപി. ശ്രീ. എളമരം കരീം, കെ.കെ.രാഗേഷ് ഉള്‍പ്പെടെ 8 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ജനാധിപത്യ വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന ഈ നീക്കങ്ങള്‍ സുഗമമായി നടത്തികൊണ്ട് പോകാമെന്ന് ധരിക്കരുതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഈ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പടിയിറക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്. അത് രാജ്യത്തിലെ കര്‍ഷകരുടെ മരണ മണി മുഴക്കുന്ന നിയമമാണ്. രാജ്യത്തെ കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരായിട്ടാണ് ഞാനുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധിച്ചതെന്നും എംപി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്:
സസ്പെന്‍ഷനിലൂടെ ജനവിരുദ്ധ നയങ്ങള്ക്കെതിരായപോരാട്ടം അവസാനിക്കുമെന്ന് കരുതരുത്. സസ്പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. ശ്രീ. എളമരം കരീo, കെ.കെ.രാഗേഷ് ഉള്‍പ്പെടെ 8 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ജനാധിപത്യ വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന ഈ നീക്കങ്ങള്‍ സുഗമമായി നടത്തികൊണ്ട് പോകാമെന്ന് ധരിക്കരുത്. ഈ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പടിയിറക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്. അത് രാജ്യത്തിലെ കര്‍ഷകരുടെ മരണ മണി മുഴക്കുന്ന നിയമമാണ്.
രാജ്യത്തെ കാര്‍ഷിക മേഖലയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരായിട്ടാണ് ഞാനുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധിച്ചത്. ഓര്‍ഡിനന്‍സുകള്‍ക്കെതിരെയുള്ള നിരാകരണ പ്രമേയവും ഇന്നലെ അവതരിപ്പിക്കയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ഭരണപക്ഷത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം നല്കുമ്പോള് അതിനെ പാര്‍ലമെന്റില്‍ നിരാകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശമാണ് നിരാകരണ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിയിലൂടെ ലഭിച്ചത്. പിന്നീട് ചര്‍ച്ചക്ക് ശേഷം വോട്ടിംഗിലേക്ക് കടന്നപ്പോള്‍ ഏറ്റവും ആദ്യം വോട്ടിംഗ് നടക്കേണ്ടത് നിരാകരണ പ്രമേയത്തിന്മേലാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ ശബ്ദ വോട്ടോടെ നിരാകരണ പ്രമേയം തള്ളിയതായി ഡെപ്യൂട്ടി ചെയര്മാന് പ്രഖ്യാപിക്കുകയാണുണ്ടായത്.
അതിന് ശേഷം ഈ കര്‍ഷക ദ്രോഹ ബില്ല് സെലക്ട് കമ്മിറ്റിയുടെ സ്ക്രൂട്ടിനിക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രമേയ അവതരണത്തിന് നിഷേധിക്കുകയാണുണ്ടായത്.പതിനൊന്നോളം ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു അതും അവതരിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. എല്ലാം വായിച്ച് പാര്‍ലമെന്റി നടപടി ക്രമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം കര്‍ഷകദ്രോഹ ബില്ല് പാസാക്കിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിനെതിരായാണ് ഞാനുള്‍പ്പെടെ പ്രതിഷേധിച്ചത്.അങ്ങിനെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറെ അഭിമാനിക്കാവുന്ന ഒരു കാര്യം ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തിട്ടുള്ളത് അംഗസംഖ്യയില്‍ ചെറുതെങ്കിലും ഇടത് പക്ഷമാണ്.കര്‍ഷകരുടെ അവകാശ പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും.
ഇന്ന് രാജ്യത്താകെ അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്ന് വരികയാണ്.പ്രതിപക്ഷ കക്ഷികളെല്ലാം ആ സമരത്തിന്റെ സമ്മര്‍ദ്ദത്തിന് വിധേയമായിക്കൊണ്ട് ആ സമരത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആടികളിക്കുകയാണുണ്ടായത്. ഒരു നിരാകരണ പ്രമേയം പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരു ഭേദഗതി പോലും നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായില്ല. ശക്തമായ കര്‍ഷക സമരം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ചില ഭേദഗതി നിര്‍ദ്ദേശിച്ചു എന്നല്ലാതെ അവര്‍ പാര്‍ലമെന്റിലെ പോരാട്ടത്തിന്റെ മുന്നിനില്ല. അവരുടെ നേതാക്കളെ പാര്‍ലമെന്റിലെ പോരാട്ടത്തില്‍ കാണാനില്ല. കര്‍ഷകരുടെ ഇടയില്‍ രൂപപ്പെട്ടിട്ടുള്ള പ്രതിപക്ഷ ഐക്യം രാജ്യത്താകെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അവരുടെ പാര്‍ട്ടിയും നേതാക്കന്മാരും ഈ പോരാട്ടത്തിന്റെ മുന്നിലില്ല. പക്ഷെ ഈ സമരത്തിന്റെ മുമ്പില്‍ രാജ്യത്തിലെ ഇടത് പക്ഷപ്രസ്ഥാനങ്ങളുണ്ട്. യഥാര്‍ത്ഥ പോരാട്ടം നടക്കുന്നത് പാര്‍ലമെന്റിന് പുറത്താണ്. സപ്തം 25 ന് കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജ്യത്താകെ കര്‍ഷകപ്രക്ഷോഭ പരിപാടി നടക്കുകയാണ്.ജനാധിപത്യ ധ്വoസനകള്‍ക്കെതിരായും, ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും, കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെയും ഇനിയും അതി ശക്തമായ സമരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ആ പോരാട്ടങ്ങള്‍ പാര്‍ലമെന്റിലും എത്ര സസ്പെന്ഷന് ഉണ്ടായാലും പ്രതിഫലിപ്പിക്കാനും ഇനിയും ഉണ്ടാവും.
Discussion about this post